07:28pm 06 November 2026
NEWS
കണ്ണൂർ ആക്രമണം പുനരന്വേഷണം വീണാ ജോർജ്ജിനു കുരുക്കാകുന്നു!
14/08/2026  05:48 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കണ്ണൂർ ആക്രമണം പുനരന്വേഷണം വീണാ ജോർജ്ജിനു കുരുക്കാകുന്നു!

മുൻമന്ത്രി വീണാ ജോർജ്ജ് ശരിക്കും വെട്ടിലായിരിക്കുകയാണിപ്പോൾ. ഇലക്ഷനിൽ തോറ്റ് എം.എൽ.എ സ്ഥാനം പോയ ക്ഷീണമൊക്കെ മാറി വരും മുമ്പേയാണ് അശനിപാതം പോലെ പുതിയ സർക്കാർ ഉത്തരവു വന്നിരിക്കുന്നത്- കണ്ണൂർ ആക്രമണക്കേസിൽ തുടരന്വേഷണം നടത്താൻ. പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് (എസ്.ഐ.ടി) തുടരന്വേഷണം നടത്തണമെന്നാണ് ആഭ്യന്തരവകുപ്പിന്റെ ഉത്തരവ്. എസ്.പി.റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനായിരിക്കും അന്വേഷണത്തിന്റെ ചുമതല.

വീണാ ജോർജ്ജ് ആക്രമിക്കപ്പെട്ടു എന്ന കേസിൽ തുടരന്വേഷണം വന്നാൽ വീണാജോർജ്ജിന് എന്താണു പ്രശ്‌നം എന്നുതോന്നാം. എന്നാൽ ഈ കേസന്വേഷണം തുടർന്നാൽ ഒന്നാമതായി കുടുക്കിലാകാൻ പോകുന്നത് വീണാജോർജ്ജ് തന്നെയാണ്. രണ്ടാമതായി അവരുടെ ഗൺമാനായിരുന്ന പോലീസുകാരനും.

2026 ഫെബ്രുവരി മാസം 26-ാം തീയതിയാണു കേസിനാസ്പദമായ സംഭവം നടക്കുന്നത്. സ്ഥലം കണ്ണൂർ റെയിൽവേ സ്റ്റേഷൻ. അന്നു മന്ത്രിയായിരുന്ന വീണാ ജോർജ്ജ് റെയിൽവേ സ്റ്റേഷനിലെത്തുന്നു. കുറച്ചു കെ.എസ്.യു പ്രവർത്തകർ കരിങ്കൊടിയുമായി എത്തുന്നു. പ്രതിഷേധക്കാരുമായി വാക്കേറ്റം, മന്ത്രി കരിങ്കൊടി പ്രകടനക്കാരോടു ക്ഷുഭിതയായി സംസാരിക്കുന്നതൊക്കെ ദൃശ്യമാധ്യമങ്ങളിലൂടെ എല്ലാവരും കണ്ടതാണ്. പതിവുപോലെ പ്രതിഷേധക്കാരെ പോലീസ് പിടിച്ചുമാറ്റുന്നു. പ്രത്യേകിച്ചൊന്നും സംഭവിക്കുന്നില്ല. വിവരമറിഞ്ഞ് ചില രാഷ്ട്രീയ നേതാക്കൾ എത്തി. അന്തരീക്ഷം മാറുന്നു. മന്ത്രി വീണാ ജോർജ്ജിനെ ആക്രമിച്ചു എന്ന് ആരോപണം ഉയരുന്നു. വീണാ ജോർജ്ജ് അവശയാകുന്നു. വീൽചെയർ വരുന്നു, ആശുപത്രിയിൽ എത്തിക്കുന്നു. ഐസിയുവിൽ അഡ്മിറ്റ് ചെയ്യുന്നു. മുഖ്യമന്ത്രി വരെ ഐസിയുവിൽ വന്ന് ആരോഗ്യമന്ത്രിയുടെ ആരോഗ്യാവസ്ഥ അന്വേഷിക്കുന്നു.

ഭരണനേതൃത്വം ഉണർന്നു. പ്രതിഷേധക്കാർക്കെതിരെ വധശ്രമത്തിനുകേസ്. വധശ്രമക്കേസ് ജാമ്യമില്ലാ വകുപ്പാണല്ലോ. പ്രതിഷേധക്കാർ എല്ലാവരും അകത്തായി. മന്ത്രിയുടെ മൊഴി എടുത്തില്ല. ഐസിയുവിലാണല്ലോ-പകരം ഗൺമാന്റെ മൊഴി എടുത്തു. ആയുധം ഉപയോഗിച്ച് ആക്രമിച്ചെന്നാണു കേസ് അതീവ ഗൗരവമായിത്തന്നെ കേസെടുത്ത് അന്വേഷണം തുടർന്നു. ഏതാണ്ട് ഒന്നരമാസത്തോളമാണ് പ്രതിഷേധക്കാർ സബ് ജയിലിൽ ജാമ്യം കിട്ടാതെ കിടന്നത്.

ആക്രമണ നാടകത്തിന്റെ ഒന്നാംഭാഗം ഇങ്ങനെ ശുഭപര്യവസായിയായിത്തീർന്നു. പക്ഷേ വിഷയം അവിടം കൊണ്ടുതീരുന്നില്ലല്ലോ. മന്ത്രിയെ ആക്രമിച്ച കേസാണ്. അതും റെയിൽവേ സ്റ്റേഷനിൽ വച്ച്. അതുകൊണ്ടുതന്നെ റെയിൽവേ പോലീസ് അന്വേഷണം ഏറ്റെടുത്തു. അന്വേഷണം പുരോഗമിച്ചതോടെ കാര്യങ്ങൾ കീഴ്‌മേൽ മറിഞ്ഞു. ആയുധം ഉപയോഗിച്ച് ആക്രമിച്ചു എന്നായിരുന്നു ഗൺമാന്റെ മൊഴി. അതു തെറ്റാണെന്നു തെളിഞ്ഞു. അതോടെ വധശ്രമക്കേസ് നിലനിൽക്കില്ല എന്നു വന്നു. വീണാജോർജ്ജ് ആ സമയത്തു മൊഴി കൊടുത്തതുമില്ല. ഇലക്ഷൻ അടുത്ത സമയമായിരുന്നല്ലോ അത്. ഒരുപക്ഷേ ഇലക്ഷൻ കഴിഞ്ഞു വീണ്ടും തങ്ങൾ അധികാരത്തിൽ വരുമ്പോൾ കൂടുതൽ ശക്തമായി കേസ് കൊണ്ടുപോകാം എന്നു കരുതിയിട്ടുണ്ടാകാം.

റെയിൽവേ പോലീസിന്റെ അന്വേഷണത്തിൽ ആക്രമണ കഥ വ്യാജമാണെന്നു തെളിഞ്ഞു. മാത്രമല്ല, വീണാ ജോർജ്ജിന്റെ ശരീരത്തിൽ ഒരു പരിക്കും പറ്റിയിരുന്നുമില്ല. കരിങ്കൊടി കണ്ട് ആയുധമാണെന്നു തെറ്റിദ്ധരിച്ചു എന്നൊക്കെയുള്ള ബാലിശ മറുപടിയാണത്രെ പിന്നീടു ഗൺമാൻ പറഞ്ഞത്. എന്തായാലും ആക്രമണകഥ വ്യാജമാണെന്നു തെളിഞ്ഞതോടെ കേസിന്റെ ദിശ തന്നെ മാറുകയും ചെയ്തു.
ആക്രമണകഥ കെട്ടിച്ചമച്ചവർ ഓർക്കാതെ പോയ ഒരു കാര്യമുണ്ട്. റെയിൽവേ സ്റ്റേഷനിൽ വച്ച് ഒരു കുറ്റകൃത്യം നടന്നാൽ അതിന്റെ അന്വേഷണം നടത്തുന്നത് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് ആണ്. കാരണം റെയിൽവേ വകുപ്പിന്റെ ക്രമസമാധാന പാലന ഉത്തരവാദിത്തം ആർ.പി.എഫിനാണ്. റെയിൽവേ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന സായുധസേനയാണ് ആർ.പി.എഫ്. അവർ കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിലുള്ള സി.സി ക്യാമറാ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ സമഗ്രമായി പരിശോധിച്ചു. പക്ഷേ മന്ത്രിയെ ആക്രമിച്ചതായി ഒരു തെളിവും കണ്ടെത്താൻ കഴിഞ്ഞില്ല. ആർ.പി.എഫ് കേന്ദ്രസർക്കാരിന്റെ കീഴിലായതുകൊണ്ട് കേരള പോലീസിലെ ഉദ്യോഗസ്ഥർക്കോ രാഷ്ട്രീയക്കാർക്കോ സമ്മർദ്ദം ചെലുത്താനും കഴിഞ്ഞില്ല.

ഇലക്ഷൻ കഴിഞ്ഞു. നിലവിൽ  വീണാ ജോർജ്ജ് ഒരു എം.എൽ.എ പോലുമല്ല. മുൻകർമ്മങ്ങളുടെ ബാക്കി അനുഭവിക്കാതെ കഴിയില്ലല്ലോ. ഒരുപക്ഷേ സ്വന്തം പാർട്ടിയിലുള്ള ഏതെങ്കിലും നേതാക്കളുടെയോ പാർശ്വവർത്തികളുടെയോ താൽപ്പര്യം കൊണ്ടായിരിക്കാം വധശ്രമക്കേസ് ഒക്കെയായി ആദ്യം മുന്നോട്ടുപോയത്.

മാസങ്ങൾക്കുശേഷമാണ് വീണാജോർജ്ജ് മൊഴി നൽകാൻ തയ്യാറായത്. ആ മൊഴിയിൽ ആയുധം കൊണ്ടുള്ള ആക്രമണമാണെന്നു പറഞ്ഞതുമില്ല. തിരുവനന്തപുരത്തു വച്ചു നടന്ന മൊഴിയെടുപ്പിൽ വീണ ജോർജ്ജ് പറഞ്ഞത് ഉന്തിലും തള്ളിലുമാണ് പരിക്കേറ്റതെന്നാണ്. അഞ്ചു പ്രതികളാണ് ഈ കേസിൽ ഉണ്ടായിരുന്നത്. പതിമൂന്നു വകുപ്പുകൾ ചുമത്തിയാണ് ആദ്യം കേസ് എടുത്തിരുന്നത്. പിന്നീട് അതിൽ നിന്നും വധശ്രമം ഒഴിവാക്കി.

ഭരണം മാറിയതുകൊണ്ടാണ് ഈ കേസ് പുതിയ വഴിത്തിരിവിൽ എത്തിയതെന്നു പറയാം. ആദ്യം എടുത്ത കേസ് കള്ളക്കേസാണ്. അഥവാ വാസ്തവവിരുദ്ധമാണെന്നു ബോധ്യപ്പെട്ടതോടെ പ്രതികളെന്ന് ആരോപിക്കപ്പെട്ടവർക്ക് കോടതിയിൽ പോകാൻ കഴിയുമായിരുന്നു. എന്നാൽ ഭരണം മാറിയതുകൊണ്ട് കൂടുതൽ സൗകര്യപ്രദമായ രീതിയിലേയ്ക്ക് കാര്യങ്ങൾ എത്തിച്ചു എന്നുമാത്രം.
വീണാ ജോർജ്ജിനെ ആക്രമിച്ചു എന്ന കേസ് കെട്ടിച്ചമച്ചതാണെന്നും വിശദമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു കണ്ണൂർ എം.എൽ.എ. ടി.ഒ. മോഹനൻ ആഭ്യന്തരവകുപ്പിനു പരാതി നൽകുകയായിരുന്നു. യുഡിഎഫ് ഭരണത്തിലുള്ളതുകൊണ്ട് ഇതാണ് ഏറ്റവും സുഗമമായ മാർഗ്ഗം. പരാതി കിട്ടിയതോടെ ആഭ്യന്തരവകുപ്പ് സത്വര നടപടി സ്വീകരിക്കുകയും ചെയ്തു. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് വിശദമായ അന്വേഷണത്തിന് ആഭ്യന്തരമന്ത്രി ഉത്തരവിടുകയും ചെയ്തു.

ഇനിയാണ് നിർണ്ണായകമായ വഴിത്തിരിവ്. കേസ് കെട്ടിച്ചമച്ചതാണെന്നു തെളിഞ്ഞാൽ നടപടി വരുന്നത് മുൻമന്ത്രി വീണാ ജോർജ്ജിന്റെയും അവരുടെ ഗൺമാന്റെയും പേരിൽ മാത്രമായിരിക്കും. അതായത് അണിയറയിലിരുന്ന് ചരടുവലിച്ചവർ രക്ഷപ്പെടുമെന്നു സാരം.
കള്ളക്കേസായിരുന്നു എന്ന് അന്വേഷണത്തിൽ തെളിഞ്ഞാൽ ഏറ്റവും വലിയ ശിക്ഷ കിട്ടാവുന്നത് വീണാ ജോർജ്ജിനാണ്. പത്തുവർഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണത്. തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ മൊഴി കൊടുത്തതിനു ഗൺമാനെ മൂന്നുവർഷം വരെ ശിക്ഷിക്കാനും വകുപ്പുണ്ട്.

ഇവിടെ കൂട്ടിവായിക്കേണ്ട മറ്റൊരു സംഭവമുണ്ട്. ആലപ്പുഴ 'രക്ഷാപ്രവർത്തന' കേസ്. അതും പ്രത്യേക അന്വേഷണസംഘം അന്വേഷിക്കുകയാണ്. അതിലും പിന്നിൽ നിന്നു  ചരടുവലിച്ച രാഷ്ട്രീയക്കാരും അവരുടെ പിണിയാളുകളും രക്ഷപ്പെട്ടു. ഏതാനും ഉദ്യോഗസ്ഥന്മാർ മാത്രം കുടുങ്ങി. എഡിജിപി അജിത്കുമാറിനാണ് കൂടുതൽ നഷ്ടം സംഭവിച്ചിരിക്കുന്നത്. ഡിജിപിയിൽ റിട്ടയർ ചെയ്യേണ്ടയാൾക്കാണ് സസ്‌പെൻഷൻ ലഭിച്ചിരിക്കുന്നത്. 

മനുഷ്യാവകാശ പ്രവർത്തകനും പൊതുപ്രവർത്തകനുമായ സി.ടി.മുനീർ ഇതുസംബന്ധിച്ച് താമരശ്ശേരി കോടതിയിൽ പ്രമുഖ അഭിഭാഷകനായ സി.ടി. അഹമ്മദ്കുട്ടി മുഖാന്തിരം കേസ് ഫയൽ ചെയ്തിട്ടുണ്ട്.കേരളത്തിന്റെ ചരിത്രത്തിൽത്തന്നെ ഇങ്ങനെയൊരു കേസ് ആദ്യമാണ്. എ.ഡി.ജി.പി റാങ്കിലുള്ള ഒരു ഓഫീസർക്കെതിരെ മജിസ്‌ട്രേറ്റ് കോടതിയിൽ കേസ് വരുകയും ഒരു സാധാരണപൗരനെപ്പോലെ കേസ് നടത്തേണ്ടി വരുകയും ചെയ്യുക എന്നുള്ളത്.

ഈ കേസിൽ ആലപ്പുഴ എസ്.പി.യായിരുന്ന ചൈത്ര തെരേസ ജോൺ ഐ.പി.എസ്സിന്റെ നിലപാടും സംശയാസ്പദമാണ്. എഡിജിപി അയച്ചുകൊടുത്ത ഒരു മെസേജ് അതായത് ഈ കേസിൽ നടപടിയെടുക്കണം എന്നു കാണിച്ച് ഒരു പരിശോധനയും കൂടാതെ തന്റെ കീഴുദ്യോഗസ്ഥന് അയച്ചുകൊടുത്തിരിക്കുകയാണ്. അങ്ങനെയൊരു നിയമം കേരള പോലീസിലില്ല. മേലുദ്യോഗസ്ഥൻ ആവശ്യപ്പെടുന്ന കാര്യങ്ങൾ പരിശോധിച്ചിട്ടു തള്ളാനോ കൊള്ളാനോ ഉള്ള അധികാരമുണ്ട്. ഇവിടെ എഡിജിപിയുടെ നിർദ്ദേശം ഒരു അന്വേഷണമോ പരിശോധനയോ കൂടാതെ തന്റെ കീഴുദ്യോഗസ്ഥന് അയച്ചുകൊടുത്തിരിക്കുകയാണ്. ഇതിൽ പ്രധാനപ്പെട്ട ഒരു കാര്യമുണ്ട്. തന്റെ ഇടപെടൽ ശരിയല്ല എന്ന് എസ്.പിക്ക് വ്യക്തമായി അറിയാമായിരുന്നു എന്നതാണത്. കാരണം തലേദിവസം അയച്ച കത്ത് എങ്ങനെയാണ് കീഴുദ്യോഗസ്ഥന് അയച്ചതെന്ന് ചോദിക്കുന്നുണ്ട്. ഹമു െവഴിയാണോ അയച്ചതെന്നാണ് ചോദ്യം. അതെ എന്നു മറുപടി. നോട്ട് ആയി അയച്ചാൽ മതിയായിരുന്നു എന്ന് എസ്.പി. പറയുന്നു. അതിനൊരു കാരണമുണ്ട്. പോലീസിലെ ഹമു െഔദ്യോഗിക ഫയൽനോട്ട് ആണ്. വിവരാവകാശ നിയമപ്രകാരം ആരെങ്കിലും ആവശ്യപ്പെട്ടാൽ അതു നൽകേണ്ടി വരും. ഈ അപകടം മുന്നിൽ കണ്ടാണ് എസ്.പി. അതു വേണ്ടായിരുന്നു എന്നു പറയുന്നത്.
ഈ ഡിജിറ്റൽ തെളിവിനെക്കുറിച്ച് 24-7-2026 ലെ എഡിജിപി എം.ആർ അജിത്കുമാറിന്റെ സസ്‌പെൻഷൻ ഉത്തരവിന്റെ രണ്ടാം ഖണ്ഡികയിൽ വ്യക്തമായി പരാമർശിക്കുന്നുമുണ്ട്.

എന്തായാലും ഈ രണ്ടുകേസിലും രാഷ്ട്രീയ ഇടപെടലും അതിലൂടെ ഉദ്യോഗസ്ഥ ഇടപെടലും ഉണ്ടായിട്ടുണ്ട് എന്നു വ്യക്തമാണ്. പക്ഷേ അതിൽ രാഷ്ട്രീയക്കാർ തീർച്ചയായും രക്ഷപ്പെടും. കാരണം അവരിലേക്ക്  എത്താനുള്ള തെളിവുകളൊന്നും രണ്ടുകേസിലുമില്ല. പക്ഷേ രാഷ്ട്രീയ ഇടപെടൽ രണ്ടുകേസിലും ഉണ്ടെന്നത് പകൽ പോലെ വ്യക്തമാണ്. അല്ലാതെ ഉദ്യോഗസ്ഥരുടെ സ്വന്ത താൽപര്യത്തിനെടുത്ത കേസല്ല ഇതൊന്നും. പക്ഷേ സമർത്ഥമായി മറഞ്ഞുനിൽക്കാൻ കഴിയുന്നതുകൊണ്ട് അവർ പൊതുസമൂഹത്തിനു മുന്നിൽ കുറ്റവാളികളായി എത്തുന്നില്ല എന്നുമാത്രം. എന്നാൽ ഉദ്യോഗസ്ഥരുടെ കാര്യം അങ്ങനെയല്ല. അവർ കുഴപ്പത്തിലാകുക തന്നെ ചെയ്യും. മേലുദ്യോഗസ്ഥരുടെ ഉത്തരവാണെങ്കിൽ പോലും അത് തെറ്റോ നിയമവിരുദ്ധമോ ആണെങ്കിൽ അനുസരിക്കാതിരിക്കുകയാകും ഉത്തമം. പക്ഷേ അതിനുള്ള ഇച്ഛാശക്തിയും ആർജ്ജവവും എത്ര പോലീസ് ഉദ്യോഗസ്ഥർക്കുണ്ടാകും?

എന്തായാലും ഈ രണ്ടുകേസുകളും കേരളാപോലീസിന് ഒരു പാഠമാണ്. അതിൽ നിന്നും  അവർ പാഠം പഠിക്കുമോ എന്നതാണ് കണ്ടറിയേണ്ടത്.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img